ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നു, പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ലോകമെമ്പാടും ജനങ്ങളെ ഓർമിപ്പിക്കുന്ന ഒരു ദിനം. 2025 ലെ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുനന്ത്. റിപ്പബ്ലിക് ഓഫ് കൊറിയ ആഗോള ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കും. പതിറ്റാണ്ടുകളായി പ്ലാസ്റ്റിക് മലിനീകരണം ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. നമ്മൾ കുടിക്കുന്ന വെള്ളത്തിലേക്കും, കഴിക്കുന്ന ഭക്ഷണത്തിലേക്കും, നമ്മുടെ ശരീരത്തിലേക്കും അത് ഒഴുകിയെത്തുന്നു. പ്ലാസ്റ്റിക് മലിനീകരണം ഒരു പ്രധാന ആശങ്കയായി ഉയർന്ന സാഹചര്യത്തിലാണ് ഇക്കൊല്ലം പ്രധാന വിഷയമായി എടുത്തിരിക്കുന്നത്.
1972-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യ പരിസ്ഥിതി സമ്മേളനത്തിൽ സ്ഥാപിതമായ ഈ ദിനം, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനനശീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഈ ദിനം ജനങ്ങളെ പ്രചോദിപ്പിക്കുന്നു. ഓരോ വ്യക്തിയുടെയും ചെറിയ പ്രവർത്തനങ്ങൾ പോലും ഗ്രഹത്തിൻ്റെ ഭാവിക്ക് വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു. ഓരോ വർഷവും ലോക പരിസ്ഥിതി ദിനത്തിന് ഒരു പ്രത്യേക തീം തിരഞ്ഞെടുക്കാറുണ്ട്. 2024-ലെ തീം ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ എന്നതായിരുന്നു. ഭൂമി പുനരുദ്ധാരണത്തിനും മരുഭൂമികരണത്തിനെതിരായ പോരാട്ടത്തിനും ഊന്നൽ നൽകി. വൃക്ഷത്തൈ നടൽ, മാലിന്യ നിർമാർജനം, പുനഃചംക്രമണം, പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ ഈ ദിനത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വിദ്യാലയങ്ങളിലും സമൂഹങ്ങളിലും ബോധവത്കരണ പരിപാടികൾ, ശുചീകരണ യജ്ഞങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കപ്പെടുന്നു.
കേരളത്തിൽ, പ്രത്യേകിച്ച്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഈ ദിനത്തിൽ സജീവമായി പങ്കെടുക്കാറുണ്ട്. നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്. ചെറിയ മാറ്റങ്ങൾപോലെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക, ഊർജം ലാഭിക്കുക, പ്രാദേശിക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകവലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. 2025-ലെ പരിസ്ഥിതി ദിനം, നമ്മുടെ ഭൂമിയെ സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്.