മദ്രസകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്ന് പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാക് പ്രതിരോധ മന്ത്രി.
“മദ്രസകളേയോ മദ്രസ വിദ്യാര്‍ഥികളേയോ സംബന്ധിച്ചിടത്തോളം അവര്‍ നമ്മുടെ രണ്ടാം പ്രതിരോധ നിരയാണ് എന്നതില്‍ സംശയമില്ല. അവിടെ പഠിക്കുന്ന യുവാക്കളെ സമയമാകുമ്പോള്‍ ആവശ്യാനുസരണം 100 ശതമാനവും ഉപയോഗിക്കും”., ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സമാനമായ പ്രസ്താവന നടത്തിയിരുന്നു.
മെയ് 9ന് ഇന്ത്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ പാകിസ്ഥാന് ഡ്രോണുകള്‍ തടഞ്ഞില്ലെന്ന ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തല്‍ നേരത്തെ വിവാദമായിരുന്നു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സ്ഥാനം വെളിപ്പെടാതിരിക്കാനാണ് ഡ്രോണുകള്‍ തടയാതിരുന്നതെന്നാണ് ആസിഫിന്റെ അവകാശ വാദം. പതിക്കുന്ന പ്രൊജക്ടൈലുകള്‍ വിജയകരമായി നിര്‍വീര്യമാക്കിയെന്ന് പാകിസ്ഥാന് സൈന്യത്തിന്റെ അവകാശ വാദത്തിന് വിരുദ്ധമായ പ്രസ്താവനയായിരുന്നു ഇത്.
ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ വാദത്തെ പിന്തുണയ്ക്കുന്നതിന് വ്യക്തമായ തെളിവുകള്‍ നല്കാന് സിഎന്‍എന്നിന്റെ ബെക്കി ആന്‍ഡേഴ്സണുമായുള്ള അഭിമുഖത്തില്‍ തെളിവുകള്‍ ചോദിച്ചപ്പോള്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ അത്തരം വിവരങ്ങളുണ്ടെന്നാണ് ഖ്വാജ ആസിഫ് മറുപടി നല്‍കിയത്.