കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണത്തിന് സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു.

എന്നാല്‍ പ്രിന്‍സിപ്പലിനെ പൂര്‍ണമായും തള്ളി മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കള്‍ രംഗത്തെത്തി.രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് യോഗം ചേരുന്നത്. അതിന് മുമ്പ് സാങ്കേതിക വിദഗ്ധരുടെ അടക്കം പരിശോധന നടക്കും. അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പരിശോധന ഇന്ന് നടക്കും.

ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ കോളജിലെ ഓള്‍ഡ് ബ്ലോക്കില്‍ താല്‍ക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെ 5 മരണങ്ങളാണുണ്ടായത്,മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. ഇവരില്‍ രണ്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *