സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാടമുറിച്ച് നിർവഹിച്ചു. ശിലാഫലകത്തിന്റെ അനാശ്ചാദനവും നടത്തി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുന്നോട്ടുവച്ച ആശയമാണ് അതിവേഗം നടപ്പാക്കിയത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.ബേബിയും പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും ചടങ്ങിൽ പ്രസംഗിച്ചു.
32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്. താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യമാണ്. ഏറ്റവും മുകളിലത്തെ നിലയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും. ഹരിതചട്ടം പാലിച്ചാണ് നിർമാണമെന്നും കെട്ടിടത്തിന്റെ 30% സ്ഥലത്തു മാത്രമേ എസി ഒരുക്കിയിട്ടുള്ളൂവെന്നും പാർട്ടി നേതാക്കൾ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ റബ്കോയുടെ ഫർണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്.
1977ൽ എ.കെ.ആന്റണി സർക്കാർ എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമിയിൽനിന്ന് അനുവദിച്ച സ്ഥലത്താണ് നിലവിലെ പാർട്ടി ആസ്ഥാനം. പുതിയ ആസ്ഥാനത്തിനായി 6.5 കോടി രൂപ ചെലവിലാണ് പാർട്ടി സ്ഥലം വാങ്ങിയത്.