മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. എഴുത്തു പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസിൽ മാത്രം വിദ്യാർഥികൾ പങ്കെടുത്താൽ മതിയാകും. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ്. ഏപ്രിൽ 25 മുതൽ 28 വരെ അതതു വിഷയങ്ങളിൽ ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 30 ന് പുനഃപരീക്ഷാ ഫലം പ്രഖ്യാപിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതാം ക്ലാസിലേക്ക് കയറ്റംനല്‍കാന്‍ തന്നെയാണ് നിര്‍ദേശം. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാനതലത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രിൽ 7 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്തിട്ടുണ്ട്.ഒമ്പതാം ക്ലാസ്സിൽ മുൻ വർഷത്തെ പോലെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയാണ് ഓൾ പ്രമോഷൻ നൽകുന്നത്. സംസ്ഥാനത്ത് 1,229 സർക്കാർ, 1,434 എയിഡഡ്, 473 അൺ എയിഡഡ് സ്കൂളുകൾ ഉൾപ്പെടെ 3,136 സ്കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു.
There is no ads to display, Please add some