ഇത്തവണ രാജ്യത്ത് വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിന താപനില രാജ്യത്ത് സാധാരണയിലും ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറയിപ്പ്. രാജ്യത്ത് ഇക്കാലയളവില്‍ ഉഷ്ണതംരഗ ദിനങ്ങള്‍ വര്‍ധിക്കുമെന്നും മുന്നറയിപ്പ് ചൂണ്ടിക്കാട്ടുന്നു.
മധ്യ, കിഴക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലുമാണ് ഉഷ്ണ തരംഗ സാധ്യത ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. പടിഞ്ഞാറന്‍ – കിഴക്കന്‍ പ്രദേശങ്ങളില്‍ സാധാരണ നിലയിലേക്കാള്‍ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സാധാരണയായി ഇന്ത്യയില്‍ ഏഴോളം ഉഷ്ണ തരംഗ ദിനങ്ങള്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് മുതല്‍ നാല് വരെ അധിക ഉഷ്ണ തരംഗ ദിനങ്ങള്‍ ഉണ്ടായേക്കും. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ വേനല്‍ക്കാലത്ത് ഇരട്ടി ഉഷ്ണതരംഗ ദിനങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറോളം ഉഷ്ണ തരംഗ ദിനങ്ങളാണ് ഈ മേഖലയില്‍ സാധാരണ ഉണ്ടാകാറുള്ളത്.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ വടക്കന്‍ ഭാഗങ്ങളിലെ പ്രദേശങ്ങളിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ള മേഖലകളാണ് എന്നും മുന്നറിയിപ്പ് പറയുന്നു. ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ ഇത്തവണ വര്‍ധന ഉണ്ടാകുമെന്ന് ഇതിനോടകം തന്നെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 9 മുതല്‍ 10 ശതമാനം വരെ അധിക വൈദ്യുതി ഉപയോഗം ഇക്കാലയളവില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
There is no ads to display, Please add some