മോഹൻലാൽ ചിത്രം എമ്ബുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താൻ വൈകും. എഡിറ്റിങ്ങും സെൻസറിങ്ങും പൂർത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്ബുരാൻ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റർ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടർന്ന് എമ്ബുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.

അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിർമ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയർന്നതിനെ തുടർന്ന് കേന്ദ്ര സെൻസർ ബോർഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷൻ നടപടികള്‍ പൂർത്തിയാക്കിയത്.

അവധി ദിവസത്തിലാണ് സെൻസറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയർന്നിരുന്നു. ആർഎസ്‌എസ് മുഖപത്രത്തിലടക്കം മോഹൻലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാൻ സെൻസർ ബോർഡിനെ സമീപിച്ചത്. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *