64 കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്നാൽ കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. പല ആശുപത്രികളിലും ചികിത്സ തേടി. സ്കാനിങ്ങിൽ ശ്വാസകോശത്തിൽ ഒരു വളർച്ച കണ്ടെത്തി.

ട്യൂമർ ആണെന്ന തെറ്റായ രോഗനിർണയം കാരണം പിന്നീട് അതിനുള്ള ചികിത്സ. എന്നാൽ അവസ്ഥയ്ക്ക് മാറ്റമില്ല. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത് എന്താണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി. ഒടുവിൽ വി പി എസ് ലേക്‌ഷോറിലാണ് യഥാർത്ഥ രോഗനിർണയം നടന്നത്. ശ്വാസകോശത്തിൽ കുടുങ്ങിയ ഒരു മീൻമുള്ള് ആയിരുന്നു വില്ലൻ.

തുടർന്ന് അപൂർവവും സങ്കീർണ്ണവുമായ ബ്രോങ്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വി പി എസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ അബ്ദുൾ വാഹിബിൻ്റെ ശ്വാസകോശത്തിൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടന്ന 2 സെൻ്റീമീറ്റർ നീളമുള്ള മീൻമുള്ള് വിജയകരമായി പുറത്തെടുത്തു. ഹൈപ്പർടെൻഷനും ടൈപ്പ് II പ്രമേഹവും ഉള്ള അബ്ദുൾ വാഹിബിന് പോളിപോയ്ഡൽ മാസ്, ശ്വാസകോശത്തിൽ കുടിങ്ങിയ മീൻമുള്ള് എന്നിവകാരണം ലോവർ ഒബ്‌സ്ട്രക്റ്റീവ് ന്യുമോണിയ ആവർത്തിച്ചുവന്നിരുന്നു.

ട്യൂമർ ആണെന്ന തെറ്റായി കണ്ടെത്തൽ കാരണം യഥാർത്ഥ ചികിത്സ വൈകി. എൻഡോസ്കോപ്പിക് പരിശോധനയിലാണ് അദ്ദേഹത്തിൻ്റെ ശ്വാസകോശത്തെ തടസ്സപ്പെടുത്തുന്ന വളർച്ച കണ്ടെത്തിയത്. കൂടുതൽ പരിശോധനയിലൂടെ മീൻമുള്ളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ദീർഘകാലം അത് ഉള്ളിൽ ഇരുന്നതിനാൽ ഗ്രാനുലോമാറ്റസ് ടിഷ്യു രൂപീകരണത്തിന് കാരണമായി.

വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൾട്ടന്‍റ് പൾമണോളജിസ്റ്റ് ഡോ. മുജീബ് റഹ്മാനാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജനറൽ അനസ്തേഷ്യയിലാണ് ബ്രോങ്കോസ്കോപ്പിക് പോളിപെക്ടമി നടത്തിയത്. ദീർഘകാലം കുടുങ്ങി കിടന്നതിനാൽ മുള്ള് ശ്വാസകോശത്തിൽ കടുത്ത ഇറിറ്റേഷനും ടിഷ്യു വളർച്ചയും ഉണ്ടാക്കിയിരുന്നു. ഇത് നീക്കം ചെയ്യുന്നത് വെല്ലുവിളിയായെങ്കിലും ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം അത് വിജയകരമായി വേർപെടുത്തി.
There is no ads to display, Please add some