കാസര്‍കോട് പൈവളിഗയിൽ 15കാരിയെ കാണാതായ സംഭവത്തിൽ 42കാരനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിക്കൊപ്പം കാണാതായ 42കാരനെ സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നാണെന്നാണ് പൊലീസ് പറയുന്നത്. പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെയാണ് കാണാതായത്. മകളെ എത്രയും വേഗം കണ്ടെത്തണമെന്നും പ്രദേശവാസിയായ പ്രദീപ് എന്നയാളെ സംശയമുണ്ടെന്നും അമ്മ പ്രഭാവതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ കുമ്പള പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇളയകുട്ടിയാണ് ചേച്ചിയെ കാണാതായെന്ന് ആദ്യം പറയുന്നതെന്ന് പിതാവ് പ്രിയേഷ് പറഞ്ഞു. വീടിന്‍റെ പിന്‍വാതിൽ തുറന്നുകിടക്കുകയായിരുന്നു. തെരഞ്ഞുനോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോള്‍ റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായെന്ന് പറഞ്ഞ് പ്രദീപിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ലെന്നും ഇതോടെയാണ് അവനെ സംശയം തോന്നിയതെന്നും തുടര്‍ന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പ്രഭാവതി പറഞ്ഞു.
പെണ്‍കുട്ടിയെ കണ്ടെത്താൻ ഊര്‍ജിത അന്വേഷണമാണ് നടക്കുന്നത്. പെണ്‍കുട്ടി കേരളം വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടുണ്ടെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. ഫെബ്രുവരി 12 മുതലാണ് ശ്രേയയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ കുമ്പള പൊലീസില്‍ വിവരം അറിയിക്കണം.
There is no ads to display, Please add some