തൃശൂര്‍: 2024ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച കാരണമെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരം മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശിപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പൂരദിനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണമെന്നുള്‍പ്പടെ നിര്‍ദേശങ്ങളും ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സുകള്‍ കൂടുതലായി സജ്ജീകരിക്കണം. പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാറാണ്. വിഷയത്തില്‍ ആരോപണവിധേയനായ അജിത് കുമാര്‍ തന്നെ അന്വേഷണം നടത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ ഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, എഡിജിപി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളാണ് പ്രഖ്യാപിച്ചത്. സംഭവത്തില്‍ മറ്റു വകുപ്പുകളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *