പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു. നികുതിയിൽ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കിൽ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങൾ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്.
15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങൾക്ക് 2500 രൂപയും കാറുകൾക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും. ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്ക് 600 രൂപയുമാണ് ഇപ്പോൾ നൽകേണ്ടത്. ഓൾട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകൾക്ക് സംസ്ഥാനസർക്കാർ ബജറ്റിൽ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും.
സ്വകാര്യവാഹനങ്ങൾ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്പോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങൾ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് ഇപ്പോൾ വാഹനം പരിശോധിക്കുന്നത്. ഫീസ് സംസ്ഥാനസർക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.
2021-ൽ നിയമനിർമാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി നടപ്പാക്കൽതീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുൻപ് ടെസ്റ്റിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം.
സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങൾ തുടങ്ങിയില്ലെങ്കിൽ സ്വകാര്യമേഖലയിൽ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങൾ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങൾ ആരംഭിക്കാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വാഹനപരിശോധനാ കേന്ദ്രങ്ങളിൽ ഈടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
There is no ads to display, Please add some