സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി.പി ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി ദിവ്യക്കെതിരേ വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് കണ്ണൂർ ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി വിമർശനം ആവർത്തിച്ചത്.
‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത ദിവ്യയ്ക്കുണ്ടായില്ല. എഡിഎമ്മിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ നിലപാടിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പാർട്ടി കേഡർ രൂപപ്പെട്ടു വന്നാൽ ഇങ്ങനെയല്ല വിഷയങ്ങളിൽ ഇടപെടേണ്ടത്. അർഹമായ അച്ചടക്ക നടപടിയാണ് ദിവ്യയുടെ കാര്യത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യയുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനത്തിനൊപ്പമാണു നേതൃത്വമൊന്നാകെയെന്ന് ഉറപ്പിക്കുന്നതായിരുന്നു മറുപടിയെന്നാണ് അറിയുന്നത്. ആക്ഷേപം ഉയർന്നുവന്ന അന്നുതന്നെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും താൻ തെറ്റു ചെയ്താലും നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാധ്യമങ്ങളോടു നേരത്തേ പറഞ്ഞിരുന്നു.
ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ അവസാന ഭാഗത്തെ പരാമർശം തികച്ചും തെറ്റാണെന്ന നിലപാടാണ് അന്നും ഇന്നും ഞങ്ങൾക്കുള്ളതെന്നും ജയരാജൻ പറഞ്ഞു. അതുകൊണ്ടാണ് ദിവ്യ ചെയ്തത് തെറ്റാണെന്നു പാർട്ടി പറയുന്നതെന്നും ജയരാജൻ വ്യക്തമാക്കി.
പെട്രോൾ പമ്പ് സംരംഭകൻ ടി.വി.പ്രശാന്ത് എഡിഎമ്മിനു കൈക്കൂലി നൽകിയെന്നു പറയുന്ന പരാതി അന്വേഷിക്കണമെന്നു പറയാൻ മാത്രമായി താൻ പത്രസമ്മേളനം വിളിച്ചുവെന്ന വാർത്ത പ്രചരിച്ചതിൽ പ്രതികരിക്കുകയായിരുന്നു എം.വി.ജയരാജൻ. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുകയായിരുന്നു ചില മാധ്യമങ്ങൾ. ദിവ്യയുടെ കാര്യത്തിൽ പാർട്ടിയെടുത്ത സംഘടനാ നടപടി നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു.