തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്.
രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം നിലനില്‍ക്കെ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ആംബുലന്‍സ് ഓടിച്ചുവെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവറും അഭിജിത് നായരുമാണ് കേസിലെ മറ്റ് പ്രതികള്‍.
ആംബുലന്‍സില്‍ പൂര നഗരിയില്‍ എത്തിയത് ആദ്യം നിഷേധിച്ച സുരേഷ് ഗോപി, പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. 15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത് എന്നും എംപി പറഞ്ഞിരുന്നു. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
There is no ads to display, Please add some