തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ സ്വകാര്യ ജീവനക്കാര്‍ (613), വീട്ടമ്മമാര്‍ (338), ബിസിനസുകാര്‍ (319), എന്‍ആര്‍ഐകള്‍ (224), ഐടി പ്രൊഫഷണലുകള്‍ (218), ഡോക്ടര്‍മാര്‍ (115), പ്രതിരോധ ഉദ്യോഗസ്ഥര്‍ (53), എന്‍ജിനീയര്‍മാര്‍ (46), കര്‍ഷകര്‍ (21), വൈദികര്‍ (8) എന്നിങ്ങനെയാണ് കണക്ക്. ഒരു ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 3050 ഓളം കേസുകള്‍ ഉണ്ട്. ട്രേഡിങ് തട്ടിപ്പ് (1,157), തൊഴില്‍ തട്ടിപ്പ് (1,002), കൊറിയര്‍ തട്ടിപ്പ് (211) എന്നിങ്ങനെയാണ് തട്ടിപ്പില്‍ വീണത്. പ്രായപരിധി പ്രകാരം പരിശോധിച്ചാല്‍ 30നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ 981 പേര്‍ തട്ടിപ്പിന് ഇരയായി. 20-30 (637), 40-50 (552) എന്നിങ്ങനെയാണ് മറ്റു പ്രായപരിധിയിലുള്ളവര്‍ തട്ടിപ്പില്‍ വീണത്.

സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു.നിക്ഷേപം അഭ്യര്‍ത്ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed