സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.
സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരിക്കാൻ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അംഗീകരിച്ചത്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സിദ്ദിഖ് അലംഭാവം കാണിച്ചുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രണ്ട് തവണ ഇതിന് ശേഷം ഹാജരായിട്ടും സിദ്ദിഖ് തെളിവുകൾ സമർപ്പിച്ചില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. തെളിവുകൾ നശിപ്പിച്ചെന്ന സംശയമുണ്ടെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം അന്വേഷണത്തോട് താൻ പൂർണമായും സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോൺ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്.