മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. തുടര്‍ന്ന് ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത് പി വി അന്‍വര്‍ സ്ഥിരീകരിച്ചു. മഞ്ചേരിയില്‍ വച്ച് ഇന്ന് നടക്കുന്ന വിശദീകരണയോഗത്തിലും നയ പ്രഖ്യാപനത്തിലും സാധാരണക്കാരായ ആളുകളാണ് പങ്കെടുക്കുക. തന്നെ സംബന്ധിച്ച് പ്രമുഖര്‍ എന്ന് പറയുന്നത് നാട്ടിലെ സാധാരണക്കാരായ മനുഷ്യരാണ്. അവര്‍ ഉണ്ടാകും. തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയാണ് ഡിഎംകെ. ആ സാധാരണക്കാരായ ജനങ്ങള്‍ ഇതില്‍ പങ്കെടുക്കും. ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട്ടില്‍ പോയി എന്ന വാര്‍ത്ത പി വി അന്‍വര്‍ നിഷേധിച്ചു. താന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള സഖ്യസാധ്യത നിഷേധിച്ചില്ല. ഡിഎംകെയുമായി സഖ്യം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

‘പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനത്തിന് എന്ത് ഭീഷണി?. അതൊക്കെ സമയമാകുമ്പോള്‍ ആലോചിക്കാം. ഈ വണ്ടി ഇങ്ങനെ പോകും. കയറ്റത്തിലൊക്കെ കട്ട വച്ച് മുന്നോട്ടുപോകും. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ആണല്ലോ നടക്കുന്നത്.അതുകൊണ്ടാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന് പേര് നല്‍കിയത്.ഇത് ഒരു സോഷ്യല്‍ മൂവ്‌മെന്റ് ആണ്.അതുകൊണ്ടാണ് ഈ പേര് നല്‍കിയത്. മനാഫ് മതേതര പ്രതീകമാണ്. അതുകൊണ്ടാണ് സമ്മേളന വേദിയിലെ ബോര്‍ഡുകളില്‍ ചരിത്ര- നവോത്ഥാന നായകര്‍ക്കൊപ്പം അര്‍ജുനും മനാഫും ഇടംപിടിച്ചത്. ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വര്‍ഗീയതയാണ്. എന്റെ പുറത്തും നെഞ്ചത്തും നെറ്റിയിലും ചാപ്പ ഉണ്ടല്ലോ, കാണുന്നില്ലേ. അതുകൊണ്ടാണ് മനാഫ് വന്നത്. അര്‍ജുന്‍ പിന്നെ മാര്‍ഗമില്ലല്ലോ’ – പി വി അന്‍വര്‍ പറഞ്ഞു.

‘ഇത് പാര്‍ട്ടിയല്ല. സോഷ്യല്‍മൂവ്‌മെന്റ് ആണ്.ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സോഷ്യല്‍മൂവ്‌മെന്റ് ആണ്. സോഷ്യല്‍മൂവ്‌മെന്റിന്റെ ഭാഗമായി ആളുകള്‍ ഉണ്ടാവും. ഇത് ഇപ്പോള്‍ ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ട്. ജനങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷം ഉചിതമായ സമയത്ത് തീരുമാനമെടുക്കും.’- പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *