ഓണം അവധിക്ക് കടലും കായലും കാടും കാണണോ… കെ.എസ്.ആർ.ടി.സി. റെഡി. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ(കെ.എസ്.ഐ.എൻ.സി.) എന്നിവയുമായി ചേർന്ന് ബസ്, ബോട്ട്, കപ്പൽ കോംബോ ഉൾപ്പെടുന്ന ഒട്ടേറെ ടൂർ പാക്കേജുകളാണ് എല്ലാ ഡിപ്പോകളിലും ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ച്, കാലാവസ്ഥ അനുകൂലമാണെങ്കിൽ 250 ട്രിപ്പ് നടത്താനാണ് തീരുമാനം.
ആലപ്പുഴയിൽ വേഗ-ഒന്ന്, സീ കുട്ടനാട് ബോട്ടുകൾ, കൊല്ലത്ത് ‘സീ അഷ്ടമുടി’ ബോട്ട് എന്നിവ പാക്കേജിലുണ്ട്. കണ്ണൂർ പറശ്ശിനിക്കടവിൽ ബോട്ടിന്റെ മുകളിലെ ഡെക്കിൽ നിന്ന് യാത്രചെയ്യാവുന്ന പാക്കേജ്, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ സോളാർ-ഇലക്ട്രിക് ബോട്ടായ ‘ഇന്ദ്ര’യിലുളള ടൂർ പാക്കേജ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ‘സീ അഷ്ടമുടി’ ബോട്ട് സർവീസിൽ സാമ്പ്രാണിക്കോടി, കോവില, മൺറോ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം. തിരുവനന്തപുരത്തെയും പാറശ്ശാലയിലെയും കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലുകൾ ഇതിനകംതന്നെ വേഗ, സീ കുട്ടനാട് ടൂർ പാക്കേജുകൾ ആരംഭിച്ചു.
കെ.എസ്.ഐ.എൻ.സി.യുടെ സഹകരണത്തോടെ ക്രൂയിസ് കപ്പലിൽ എറണാകുളം ബോർഗാട്ടിയിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. 22 കിലോമീറ്റർ കടലിലൂടെ പാട്ടുംകേട്ട് നൃത്തവുംചെയ്ത്, ഭക്ഷണവും കഴിച്ച് യാത്രചെയ്യാം . ഓണത്തോടനുബന്ധിച്ചുള്ള ആദ്യ കടൽയാത്രാസംഘം ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ ഡിപ്പോയിൽനിന്ന് പുറപ്പെടും.
വയനാട്, മൂന്നാർ, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും വനയാത്ര. വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങളെ കോർത്തിണക്കിയാണ് ട്രിപ്പുകൾ. നവീകരിച്ച പഴയ സൂപ്പർ ഡീലക്സ് ബസുകൾ ഉൾപ്പെടെ ആധുനികസൗകര്യങ്ങളോടെയാണ് ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്. പൂർവവിദ്യാർഥിസംഘം, കുടുംബശ്രീകൾ, ക്ലബ്ബുകൾ, റെസിഡെൻസ് അസോസിയേഷനുകൾ എന്നിവയ്ക്ക് 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്കുചെയ്യാം.