മുഖ്യമന്ത്രി പിണറായി വിജയനും പി.വി.അൻവർ എംഎൽഎയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്‌ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും കാര്യങ്ങൾ കൃത്യമായി എഴുതി നൽകിയെന്നും പി.വി.അൻവർ മാധ്യമങ്ങളോടു പറഞ്ഞു.

“കാര്യങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു, കൃത്യമായി എഴുതിക്കൊടുത്തു. അദ്ദേഹം വളരെ ശ്രദ്ധാപൂർവം കാര്യങ്ങൾ കേട്ടു, സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ. ഇതേ പരാതി പാർട്ടി സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നൽകും. എന്റെ ഉത്തരവാദിത്തം ഇവിടെ അവസാനിക്കുകയാണ്. സഖാവ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ് ചെയ്‌തത്. പാർട്ടിയുടെ പ്രധാന സഖാവ് കൂടിയാണ് പിണറായി വിജയൻ. അദ്ദേഹത്തിനോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘവുമായി പൂർണമായി സഹകരിക്കും.” – പി.വി.അൻവർ പറഞ്ഞു.

എഡിജിപി എം.ആർ.അജിത്കുമാറിനെ മാറ്റി നിർത്തണമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും പാർട്ടിയും കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നായിരുന്നു അൻവറിന്റെ മറുപടി. “പരാതി നൽകിയിട്ടേ ഉള്ളൂ, ഒന്നിനെ കുറിച്ചും ഇപ്പോൾ വിശദീകരിക്കുന്നില്ല. കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കം പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പൊലീസിലെ അഴിമതി ചൂണ്ടിക്കാണിച്ചു, ഞാൻ ഉന്നയിച്ച ആവശ്യം കൃത്യമായി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ദൈവത്തെ സാക്ഷിയാക്കി പറയുന്നു. എൻ് പിന്നിൽ മറ്റാരുമല്ല, സർവശക്തനായ ദൈവം മാത്രം.” – അൻവർ വ്യക്തമാക്കി. പി.ശശിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകാതെയാണ് അൻവർ മടങ്ങിയത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *