ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രതീഷിന്റെ വീടിന് സമീപം കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് ഇരുവരും പൊലിസിന് നല്‍കിയ മൊഴി.

കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് പൊലീസ് പരിശോധന നടത്തും. വിരലടയാള വിദഗ്ധരും പൊലീസിന് ഒപ്പമുണ്ട്. ആദ്യം കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റുവെന്നായിരുന്നു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ ഇത്തരമൊരു ദമ്പതികള്‍ ഇല്ലെന്ന് കണ്ടെത്തി. രണ്ടര മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയതെന്ന് യുവതി വെളിപ്പെടുത്തിയതായി ആശാപ്രവര്‍ത്തക പറയുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പൊലീസിലും വിവരമറിയിച്ചത്.

ആശാപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെ നിര്‍ത്തിയിരുന്നെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കഴിഞ്ഞ 25ന് ആണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You missed