കോട്ടയം: മണിപ്പുഴയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന മൂലവട്ടം സ്വദേശിയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം കട നടത്തുകയും ചെയ്യുന്ന മനോജും ഭാര്യയുമാണ് മരിച്ചത്. മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം.

പമ്പിൽ പെട്രോൾ അടിച്ച ശേഷംഇവർ സ്കൂട്ടറിൽ റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ദോസ്ത് പിക്കപ്പ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലേയ്ക്കു തെറിച്ചു വീണു. രണ്ടു പേരും ഉടൻ തന്നെ റോഡിൽ വീണു. ഇതു വഴി എത്തിയ ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെടുത്തു. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *