കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം… ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും കരിമ്പടപ്പുതപ്പിനടിയില്‍ ലോകം വിതുമ്പുമ്പോള്‍ മാനവികതയുടേയും സ്‌നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി സമാഗതമാകുന്നു.

സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും. ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി.

അഹങ്കാരം പത്തി വിടര്‍ത്തിയ കാളിന്ദിയില്‍, അധര്‍മ്മം പോര്‍വിളി മുഴക്കിയ കുരുക്ഷേത്ര ഭൂമിയില്‍, വിജയത്തിന്റെ ശംഖൊലി മുഴക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനമാണ് അഷ്ടമി രോഹിണി. ഒരു നല്ല മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും സര്‍വ്വോപരി നല്ല സതീര്‍ത്യനായും നിലകൊണ്ട ഭഗവാന്റെ ഈ നക്ഷത്ര ദിനമാണ് അഷ്ടമി രോഹിണി മഹോത്സവമായി നാടെങ്ങും ആഘോഷിക്കുന്നത്.

ജീവിതമെന്ന മഹാ പ്രവാഹത്തെ ഒരു മന്ദസ്മിതത്തോടെ വശത്താക്കാമെന്നും തിന്‍മയുടെ പുകപുരണ്ട നിഷേധ ഭാവങ്ങളെ ചെറു പുഞ്ചിരിയില്‍ അതിജീവിക്കാമെന്നും സമസ്ത മാനവ രാശിയേയും പഠിപ്പിച്ച യുഗാതീത വിസ്മയമാണ് വൃന്ദാവനക്കണ്ണന്‍. എല്ലാ സംസാര സമസ്യകള്‍ക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍ പിറന്നാള്‍ ബാലഗോകുലം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ബാലദിനമായിക്കൂടി ആഘോഷിച്ചു വരുന്നു.

വ്രതശുദ്ധിയുടെ നിറവില്‍ മനസിലും ചുണ്ടിലും കൃഷ്ണ മന്ത്രം ഉരുവിട്ടു കൊണ്ട് ഭഗവാന്റെ ലീലകളെ അനുസ്മരിപ്പിക്കുന്ന ഉണ്ണിക്കണ്ണന്‍മ്മാരും ഗോപിക – ഗോപന്‍മാരും അണിനിക്കുന്ന ശോഭാ യാത്രകള്‍ കേരളത്തിന്റെ പരമ്പരാഗത ആഘോഷങ്ങളില്‍ ഒന്നാണ്. വേദാന്ത പൊരുളായ, സ്ഥിതി പാലകനായ, ശ്രീ പത്മനാഭന്റെ സമ്പൂര്‍ണ അവതാരമായ ശ്രീകൃഷ്ണ ഭഗവാന്റെ തിരുപിറവി ദിനത്തില്‍ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകള്‍ നടത്തി വരുന്നുണ്ട്.

ഗോപന്‍മാരും ഗോപികമാരും ഗോകുലവും പുനര്‍ജനിക്കുന്ന മനോഹരമായ കാഴ്ചകള്‍… ഗോവര്‍ദ്ധന ഗിരിയിലെ മര്‍ത്തശിഖി നൃത്തവും, ഗോവര്‍ദ്ധന പൂജയും, നീലക്കടമ്പും, കാളിന്ദിയും, കാളീയ മര്‍ദ്ദനവും, പൂതനാമോക്ഷവും, വൃന്ദാവനവും, ആമ്പാടിയും, ഗോപന്‍മാരും-ഗോപികമാരും, രാധയും-രാസലീലയും, ഗോരസങ്ങളും പേറി അക്രൂരന്റെ രഥത്തിലേറിയുള്ള മഥുരാ യാത്രയും, കംസ വധവും, കുരുക്ഷേത്ര ഭൂമിയില്‍ മുഴക്കിയ ശാന്തിയുടേയും സമാധാനത്തിന്റെയും സംഹാരത്തിന്റെയും പാഞ്ചജന്യ ധ്വനിയും പുനര്‍ജനിക്കുന്ന ധന്യ നിമിഷങ്ങളാണ് ശ്രീകൃഷ്ണ ജയന്തി ദിനം നമുക്ക് സമ്മാനിക്കുന്നത്.

മായാ ബാലന് ചൂടാനായി പീലികള്‍ വഹിക്കുന്ന മയിലുകള്‍, കണ്ണന്റെ കടാക്ഷമേറ്റ് നിര്‍വൃതി നേടാന്‍ ആഗ്രഹിക്കുന്ന സര്‍വ്വ ചരാചരങ്ങളും, കണ്ണന്റെ കഥ പറയാനും ഗാഥകള്‍ പാടാനും കൊതിക്കുന്ന നാവുകളും,, കേള്‍ക്കാന്‍ കൊതിക്കുന്ന കാതുകളും, കണ്ണന്റെ പാദസ്പര്‍ശമേറ്റ് നിര്‍വൃതി നേടാന്‍ ആഗ്രഹിക്കുന്ന മണ്‍തരികളും…. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത നൂറു നൂറു മോഹങ്ങളുമായി ഈ നാട് കാത്തിരിക്കുമ്പോഴാണ് മറ്റൊരു ശ്രീകൃഷ്ണ ജയന്തി ദിനം കൂടി പടിവാതിക്കലെത്തി നില്‍ക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed