കൊൽക്കത്ത ആർ. ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം കനക്കുകയാണ്. രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും രാജ്യത്തിലെ സ്ത്രീകളുടെ സുരക്ഷയും ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യമുയർത്തികൊണ്ടാണ് പ്രതിഷേധം കനക്കുന്നത്.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക കെ. എസ് ചിത്ര. ഓരോ ഇന്ത്യക്കാരനും നാണക്കേട് കൊണ്ട് മുഖം മറയ്ക്കണമെന്നും,ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ. എസ് ചിത്ര പറയുന്നു.
“കൊൽക്കത്തയിലെ ആർ ജി കാർ ആശുപത്രിയ്ക്ക് ഉള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം. അന്വേഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. പരേതയായ ആത്മാവിന് വേണ്ടി ഞാൻ തല കുമ്പിട്ട് പ്രാർത്ഥിക്കുകയാണ്”, എന്നാണ് ചിത്ര കുറിച്ചത്.
ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച ആയിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. അന്നേദിവസം രാവിലെ ആറ് ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടർ ആയിരുന്നു കൊല്ലപ്പെട്ടത്. ഡ്യൂട്ടിയ്ക്കിടെ ആയിരുന്നു സംഭവം നടന്നത്.