ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനം. ഇതിനായി 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി ഓർഡ‍ർ നൽകി. ടാറ്റ, അശോക് ലൈലാൻ്റ്, ഐഷർ എന്നീ കമ്പനികൾക്ക് ടെൻഡർ നൽകി. ഒക്ടോബറിൽ ബസ്സുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

33 സീറ്റുകളുള്ള മിനി ബസ്സുകൾ ടാറ്റയിൽ നിന്നും 36 സീറ്റ് ബസ്സുകൾ അശോക് ലൈലാന്റിൽ നിന്നും 28 സീറ്റ് ബസ്സുകൾ ഐഷറിൽ നിന്നും വാങ്ങും. മൈലേജ് കൂടുതലാണ് എന്നതാണ് മിനി ബസ്സുകളുടെ ​ഗുണം. ​ഗ്രാമീണ റൂട്ടുകളിൽ മിനി ബസ് ഉപയോ​ഗിക്കാൻ കെഎസ്ആർടിസി തീരുമാനിക്കാനും പ്രധാന കാരണമിതാണ്. രണ്ട് ഡോറുകളുള്ള മിനി ബസ്സുകളാണ് വാങ്ങുന്നത്.

നേരത്തേ വാങ്ങിയ മിനി ബസ്സുകളുടെ മെയിന്റനൻസ് കെഎസ്ആർടിസിക്ക് പ്രതിസന്ധിയായിരുന്നു. സ്പെയർപാർട്സുകൾ കിട്ടാനില്ലാത്തതിനാൽ അവ പിൻവലിച്ച് പൊളിച്ച് മാറ്റേണ്ടി വന്നിരുന്നു. മിനി ബസ് വാങ്ങുന്നതിനെ തൊഴിലാളി സംഘടനകളടക്കം എതിർക്കുന്നുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

നേരത്തെയുണ്ടായ പ്രതിസന്ധി ഓർമ്മിപ്പിച്ചാണ് സംഘടനകൾ കോർപ്പറേഷനെ ഇതിൽ നിന്ന് എതിർക്കുന്നത്. ഇതിനിടെ കെഎസ്ആർടിസി മിനി ബസ്സുകൾ വാങ്ങുന്നത് കൃത്യമായ പഠനം നടത്താതെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed