കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 150 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്. വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ഈ ദുരന്തത്തിനു പിന്നിലുണ്ട്. ഈ ദാരുണസംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. പശ്ചിമഘട്ട മലനിരകളുടെ ശോചനീയാവസ്ഥയും വരാനിരിക്കുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ചും 2013ൽ തന്നെ ഗാഡ്ഗിൽ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.അന്ന് അദ്ദേഹത്തിന് പരിഹാസമാണ് നേരിടേണ്ടി വന്നതെങ്കിൽ ഇപ്പോൾ ഗാഡ്ഗിൽ പറഞ്ഞതാണ് ശരിയെന്ന് സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നു. പരിസ്ഥിതി ഉൾപ്പെടെ പല വിഷയങ്ങളിലായി ഇരുന്നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും പത്തോളം പുസ്തകങ്ങളും രചിച്ചു. രാജ്യം പദ്മഭൂഷൻ നൽകിയാണു ഗാഡ്ഗിലിനെ ആദരിച്ചത്.

ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതി ലോല മേഖലകളില്‍ നിരോധിക്കേണ്ട പ്രവർത്തനങ്ങൾ:
1.പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല. ∙ മൂന്നു വർഷം കൊണ്ട് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കണം.
2. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും (സെസ്) ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
3.പൊതു ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യമാക്കരുത്.
4. പുതിയ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്. ∙ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്.
5.പരിസ്ഥിതി സൗഹാർദമായ കെട്ടിടനിര്‍മാണ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ പ്രോൽസാഹിപ്പിക്കണം.
6.നിയമവിരുദ്ധ ഖനനം അടിയന്തരമായി നിര്‍ത്തണം. ജല വിഭവ പരിപാലനം വികേന്ദ്രീകരിക്കണം.
7. ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജലത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തണം.
8. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം ക്രമേണ ഒഴിവാക്കി, ജൈവകൃഷി പ്രോൽസാഹിപ്പിക്കണം. ജൈവ കൃഷിയിലേക്കു മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്കു സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണം.
9. രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ സഹായം നല്‍കണം. തീവ്ര, അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ ഉപേക്ഷിക്കണം.
10. സൗരോര്‍ജ ഉപയോഗം പ്രോൽസാഹിപ്പിക്കണം.
11. വികേന്ദ്രീകൃത ഊര്‍ജാവശ്യങ്ങള്‍ക്കു ജൈവ മാലിന്യ/ സോളര്‍ ഉറവിടങ്ങള്‍ ഉപയോഗിക്കണം.
12.സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡിക്കമ്മിഷന്‍ ചെയ്യണം.
13. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം.
14. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം.
15. പുതുതായി ഖനനത്തിന് അനുമതി നല്‍കരുത്.
2018 ഓഗസ്റ്റിൽ കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ആടിയുലഞ്ഞപ്പോഴും ഉപദേശ നിർദേശങ്ങളുമായി ഗാഡ്ഗിൽ രംഗത്തെത്തി. ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണു കേരളത്തിൽ സംഭവിച്ചതെന്നും ഇതു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യനിർമിത ദുരന്തമാണ് സംസ്ഥാനത്തുണ്ടായതെന്നും അഭിപ്രായപ്പെട്ടിരുന്നു.
There is no ads to display, Please add some