കാഞ്ഞിരപ്പള്ളി: പുതുതായി കാഞ്ഞിരപ്പള്ളിയിൽ അനുവദിച്ച നഴ്സിങ് കോളജിൽ നവംബർ ആദ്യവാരം ക്ലാസ് തുടങ്ങും. എം.ജി സർവകലാശാലയുടെ കീഴിലുള്ള സെൻറ്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി.പാസ്) മുഖേനെയുള്ള ബി.എസ്സി നഴ്സിങ് കോഴ്സാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.

ഒന്നാം ഘട്ടത്തിൽ 40 സീറ്റിലാണു പ്രവേശനം നൽകിയിട്ടുള്ളത്. ഇവിടെ പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് പരിശീലനം നൽകുക. ജനറൽ ആശുപത്രിയിൽ 150 കിടക്കകളാണ് നിലവിലുള്ളത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽപെട്ട വിദ്യാർഥികൾക്ക് നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അടുത്ത തവണ മുതൽ പ്രത്യേക ഗ്രേസ് മാർക്ക് ഉണ്ടാകും.

കോളജിന്റെ പ്രവർത്തനം തുടങ്ങാൻ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ഇല്ലത്തുംകടവ് ജങ്ഷനിൽ ഇല്ലത്തുപറമ്പിൽ ഇ.എം. ഇസഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജാസ് വ്യാപാര സമുച്ചയത്തിൽ 17,500 ചതുരശ്രയടിയിലുള്ള കെട്ടിട സമുച്ചയം പ്രതിമാസം രണ്ടരലക്ഷം രൂപ വാടകക്ക് എടുത്തു. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ഇവിടെ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തി. മന്ത്രി ആർ. ബിന്ദുവിന്റെ തീയതി കിട്ടുന്ന മുറക്ക് കോളജിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും.
There is no ads to display, Please add some