മാനന്തവാടി: ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കൽ കോളജിലാണ് സംഭവം. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും യുവാവ് പരാതി നൽകി. എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ സീനിയർ ക്ലർക്കായ തോണിച്ചാൽ സ്വദേശി എൻ.എസ്. ഗിരീഷാണ് ശസ്ത്രക്രിയയിൽ വൃഷണം നഷ്ടപ്പെട്ടതായി പരാതി നൽകിയത്.
സെപ്റ്റംബർ 13ന് മാനന്തവാടി മെഡിക്കൽ കോളജിലെ കൺസൽട്ടന്റ് ജനറൽ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിൽ ആണ് ഹെർണിയ രോഗവുമായെത്തിയ ഗിരീഷിനെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാർഡിലെത്തിയ ഡോക്ടർ ഇത് മറച്ചുവെക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്തതായും ഗിരീഷ് പറയുന്നു.
വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോൾ മുറിവിലെ തുന്നൽ എടുക്കാൻ എത്തിയപ്പോൾ ഒ.പിയിലുണ്ടായിരുന്ന ഡോക്ടർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയാണ് സ്കാനിങ് നിർദേശിച്ചത്. റിപ്പോർട്ട് പരിശോധിച്ച സർജറി വിഭാഗത്തിലെ മറ്റൊരു ജൂനിയർ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയ വിവരം ഗിരീഷിനെ അറിയിച്ചത്.
തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്റെ പ്രവർത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. രണ്ടു മാസം മുമ്പും ഇത്തരത്തിൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത് വൻ വിവാദമായിരുന്നു.
There is no ads to display, Please add some