കോഴിക്കോട്: കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു കെ പി (ഗോപി -43), ജീമ എന്നിവരാണ് മരിച്ചത്.അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ 5 യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സതേടി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. വേങ്ങേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഷൈജുവും ജീമയും. ഇതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെടുകയായിരുന്നു.
രണ്ട് ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.