ആലപ്പുഴ: മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2025 ൽ പൂർത്തീകരിക്കാനാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അമ്പലപ്പുഴ തെക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന ‘അമ്പലപ്പുഴ തോട്ടപ്പള്ളി
കൊട്ടാരവളവ് ബൈപ്പാസ്’ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് ദേശീയപാത നിർമ്മാണം മുന്നോട്ടുപോകുന്നത്.
രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിൽ പണം കണ്ടെത്താൻ ഒരു സംസ്ഥാന സർക്കാർ തയ്യാറായി. 5600 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനായി ചെലവഴിക്കാൻ തീരുമാനിച്ചു. മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ പ്രവർത്തികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

സാധാരണ മനുഷ്യരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ്. സർക്കാരിന്റെ പ്രധാന ഇടപെടലായി അമ്പലപ്പുഴ തോട്ടപ്പള്ളി
കൊട്ടാരവളവ് ബൈപ്പാസ് നിർമ്മാണം മാറിയതായി മന്ത്രി പറഞ്ഞു. ഈ റോഡ് നിർമാണത്തിൽ മുൻകൈയെടുത്ത നിലവിലെ എം.എൽ.എ. എച്ച്. സലാമിനെയും മറ്റ് ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. തുടക്കം മുതൽ റോഡിനു വേണ്ടി പരിശ്രമിച്ച മുൻ എം.എൽ.എ.യും മന്ത്രിയുമായ ജി. സുധാകരനെയും പ്രത്യേകം ഓർക്കുന്നതായും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി വന്നതടക്കം ഒട്ടേറെ ചരിത്രപരമായ
പ്രത്യേകതകളുള്ള സ്ഥലമാണ് കരുമാടി.
ഈ പ്രദേശത്തെ ടൂറിസത്തിന്റെ സാധ്യതകൾക്കും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും പരിപൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

ഇത്തവണ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവർത്തികൾ സമയബന്ധിതമായി ആരംഭിക്കുവാനും പൂർത്തീകരിക്കുവാനുമുള്ള കൃത്യമായ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റു തടസ്സങ്ങൾ ഇല്ലാത്ത ബജറ്റ് പ്രവർത്തികൾക്ക് ജൂൺ മാസത്തിനു മുൻപ് തന്നെ ഭരണാനുമതി നൽകാൻ നിശ്ചയിച്ചു. എന്നാൽ അതിനു മുൻപ് തന്നെ നമ്മൾ ആ ലക്ഷ്യം പൂർത്തീകരിച്ചു മുന്നോട്ടു പോയിരിക്കുകയാണ്. ബജറ്റ് പ്രാബല്യത്തിൽ വന്ന് 45 ദിവസത്തിനകം 82 റോഡ് പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. ധനകാര്യവകുപ്പിന്റെ വിശദ പരിശോധനയ്ക്ക് ശേഷം 19 റോഡ് പ്രവർത്തികൾക്ക് ഭരണാനുമതി നൽകി. അങ്ങനെ 101 പദ്ധതികൾക്ക്
ഈ വർഷം ഭരണാനുമതി നൽകി കഴിഞ്ഞു. അതിൽ 82 എണ്ണം അടുത്ത ഘട്ടത്തിലേക്ക് കടന്ന് ടെക്നിക്കൽ അനുമതി നൽകി ടെൻഡർ ചെയ്തു. 54 എണ്ണം കരാർ ഒപ്പുവെച്ചു. 28 ബജറ്റ് പ്രവർത്തികളുടെ കരാർ നടപടികൾ പുരോഗമിക്കുകയാണ്.

ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാരും ചെയ്യാത്ത പുതിയ ജനാധിപത്യ മാതൃകയായ നവ കേരള സദസ്സ് ഡിസംബർ 15ന് അമ്പലപ്പുഴയിൽ എത്തുമ്പോൾ എല്ലാവരും നവ കേരള സദസ്സിലേക്ക് എത്തണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

കരുമാടി ജംഗ്ഷനിലെ വൈ.എം.എ. ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. അലൈൻമെന്റ് നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സഹായിച്ച പ്രദേശവാസി സി. സദാനന്ദനെ ചടങ്ങിൽ എം.എൽ.എ. ആദരിച്ചു.

ചടങ്ങിൽ എ.എം. ആരിഫ് എം.പി. വിശിഷ്ടാതിഥിയായി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് ഷീബാ രാകേഷ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി.ബി. വിദ്യാനന്ദൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭാ ബാലൻ, വൈസ് പ്രസിഡൻ്റ് പി. രമേശൻ, പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ്. മായാദേവി, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ജയരാജ്, ആർ. രാജി, പുറക്കാട് പഞ്ചായത്തംഗം പ്രിയ അജേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം വീണാ ശ്രീകുമാർ, പൊതുമരാമത്ത് ദക്ഷിണ മേഖല സൂപ്രണ്ട് എൻജിനീയർ കെ.ആർ. വിമല, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി. സാജൻ, യു.എൽ.സി.സി ഡയറക്ടർ ബോർഡംഗം എം.എം. സുരേന്ദ്രൻ, പൊതുമരാവകുപ്പ് എ.എക്‌സ്.സി. രേഖ, പൊതുമരാവകുപ്പ് എ.ഇ. ബിനുമോൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യു.എൽ.സി.സി. പ്രതിനിധികൾ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതിയിലെ കരുമാടിക്കുട്ടൻ ജങ്ഷനിൽ നിന്ന് ആരംഭിച്ച് ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതും നിലവിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ നാലുചിറ പാലത്തിൽ അവസാനിക്കുന്നതുമാണ് അമ്പലപ്പുഴ തോട്ടപ്പള്ളി
കൊട്ടാരവളവ് ബൈപ്പാസ്. 7.813 കിലോമീറ്റർ നീളത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമാണം.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ്റെ നേതൃത്വത്തിൽ വിഭാവനം ചെയ്യപ്പെട്ട അമ്പലപ്പുഴ മണ്ഡലത്തിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബൈപ്പാസ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 2018- 19 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 90.625 കോടി രൂപ വകയിരുത്തുകയും
അതിനെത്തുടർന്ന് 2021 ജനുവരി ഏഴിന് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകുകയും ചെയ്ത പദ്ധതിയാണിത്. 2021 ഫെബ്രുവരി എട്ടിന് 90.524 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ നീണ്ടുപോയ പദ്ധതി നിലവിലെ എം.എൽ.എയായ എച്ച്.സലാം സാങ്കേതിക തടസ്സങ്ങൾ നീക്കി ഇപ്പോൾ യാഥാർഥ്യമാവുകയാണ്. 18 മാസം കൊണ്ട് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *