തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ തെക്കൻ രാജസ്ഥാൻ- വടക്കൻ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയാണ് പ്രവചിക്കുന്നത്.
ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.