തിരുവനന്തപുരം : സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി.പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽമീഡിയകളിൽ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ ആരോപണം.

സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്നും മറിയ പരാതിയിൽ ആരോപിക്കുന്നു.പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയില്‍ മറിയ ഉമ്മന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ജീവിച്ചിരിക്കുമ്പോള്‍ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികള്‍, മരണ ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അത് തുടരുന്നത് എന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയില്‍ ‘ഉമ്മന്‍ ചാണ്ടി’യ്ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീര്‍ക്കലാണ് രാഷ്ട്രീയത്തില്‍ പോലും ഇല്ലാത്ത തനിയ്‌ക്കെതിരെ സിപിഎം സൈബര്‍ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.

‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മോശമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനെതിരെയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അച്ചു ഉമ്മന്റെ പരാതിയില്‍ സെക്രട്ടേറിയറ്റിലെ മുന്‍ അഡിഷനല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *