തിരുവനന്തപുരം: കാട്ടക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ
പ്രിയരഞ്ജൻ (41) ആണ് പിടിയിലായത്.

തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരള- തമിഴ്നാട് അതിര്‍ത്തിയായ നാഗര്‍കോവിലിൽ നിന്ന് പ്രിയരഞ്ജനെ അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതോടെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന് ആദി ശേഖര്‍(15) ആണ് കാറിടിച്ച് മരിച്ചത്. ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം.

സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാൽ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.
മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.