മണിമല: അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തിൽ കയറിയിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കോൺവെന്റിൽ താമസിച്ചു പഠിച്ചിരുന്ന ഇയാളുടെ കുട്ടികൾ ഓണാവധിക്ക് വീട്ടിൽ എത്തിയതായിരുന്നു.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഇടിവെട്ടിയതിനെ തുടർന്ന് കുട്ടികൾ അകത്തേക്ക് കയറിയ സമയത്ത് ഇളയകുട്ടിയായ അഞ്ചുവയസ്സുകാരൻ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കയറിൽ തട്ടി മറിഞ്ഞു വീഴുന്നത് കണ്ട പിതാവ് ആ കയർ എടുത്തു കുട്ടിയുടെ കഴുത്തിൽ കുരുക്കിട്ടു മുറുക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കുരുക്ക് കഴുത്തിൽ നിന്ന് മാറ്റുകയായിരുന്നു.

ഓണാവധിക്ക് ശേഷം തിരിച്ചു കോൺവെന്റിൽ എത്തിയപ്പോൾ അഞ്ചുവയസ്സുകാരന്റെ കഴുത്തിലെ പാട് കണ്ട് അധികൃതർ വിവരം തിരക്കിയപ്പോഴാണ് കുട്ടികൾ വിവരം പറഞ്ഞത്. തുടർന്ന് കോൺവെന്റ് അധികൃതർ വിവരം ചൈൽഡ് ലൈനിൽഅറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ മുഖാന്തരം പരാതി ലഭിച്ചതിനെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ മാരായ സന്തോഷ് കുമാർ, അനിൽകുമാർ,സി.പി.ഓ മാരായ രാജീവ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *