ലാഹോര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെയാണ്. സെപ്റ്റംബര്‍ പത്തിനാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഈമാസം പതിനേഴിന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തിയത്. ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയാണ് സൂപ്പര്‍ ഫോറിലെത്തിയ മറ്റൊരു ടീം. ഇരുവരോടും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.ഒരു ഘട്ടത്തിൽ അനായാസ വിജയം പ്രതീക്ഷിച്ച അഫ്ഗാൻ അപ്രതീക്ഷിതമായാണ് പരാജയപ്പെട്ടത്.