രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 5 മണിവരെ 70 ശതമാനം കടന്ന് പോളിംഗ്. 70.77 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ് ശതാമാനം.

രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. മികച്ച പോളിംഗ് രാവിലെ മുതൽ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർക്കാണ് സമ്മതിദാനാവകാശം ഉള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *