ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് പിഎസ്എല്‍വി സി57 കുതിച്ചുയർന്നത്.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എല്‍-1 ന്റെ ദൗത്യം.
ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ പി എസ് എല്‍ വി സി 57 ആദിത്യ എല്‍1 ഉപഗ്രഹത്തെ എത്തിക്കും. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം ഭൂമിയില്‍ നിന്ന് 648.7 കിലോമീറ്റര്‍ അകലെ വെച്ച് ആദിത്യ പി എസ് എല്‍ വിയില്‍ നിന്ന് വേര്‍പെടും. 16 ദിവസം ഇവിടെ തുടരുന്ന ആദിത്യ എല്‍-1 അഞ്ച് തവണയായി ഭ്രമണപഥം ഉയര്‍ത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കും. ഭൂമിയുടെ 800 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എല്‍- നെ ആദ്യമെത്തിക്കുക.
ഭൂമിയുടെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് വികസിപ്പിക്കും. ഇതിന് ശേഷം ലോ എനര്‍ജി പ്രൊപ്പല്‍ഷന്‍ ട്രാന്‍സ്ഫര്‍ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്റിന് സമീപത്ത് എത്തിക്കും. ഇതായിരിക്കും ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണ ഘട്ടം എന്നാണ് ഐ എസ് ആര്‍ ഒ കരുതുന്നത്. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 ലാണ് ആദിത്യ എല്‍-1 സ്ഥാനമുറപ്പിക്കുക.
സൂര്യന്റെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനും കൃത്യതയോടെ നിരീക്ഷിക്കാനും ഈ പോയന്റില്‍ നിന്ന് കൊണ്ട് സാധിക്കും. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ആദിത്യ ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലൂടെയായിരിക്കും ആദിത്യയുടെ സഞ്ചാരം. 1500 കിഗ്രാം ഭാരമുള്ള ആദിത്യ എല്‍-1 ല്‍ ഏഴ് പേലോഡുകള്‍ ആണ് അടങ്ങിയിരിക്കുന്നത്.
വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ്, സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ്, ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്ട്രോമീറ്റര്‍ എന്നിവയാണ് ഏഴ് പേലോഡുകള്‍.
There is no ads to display, Please add some