മുംബൈ: കാത്തിരിപ്പുകൾക്ക് വിരാമം ബ്രസീലിയൻ സൂപ്പർ താരം നെയ്മാര്‍ ഇന്ത്യയില്‍ കളിക്കാനെത്തും. എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങള്‍ക്കായാണ് സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മാര്‍ ഇന്ത്യയിലേക്കു വരിക.

എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഐഎസ്എല്‍ സൂപ്പർ ക്ലബ് മുംബൈ സിറ്റിയും നെയ്മറുടെ സൗദി ക്ലബായ അല്‍ ഹിലാലും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണിത്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ്സിക്കും അല്‍ ഹിലാലിനുമൊപ്പം ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്‍ബെക്കിസ്താന്‍ ക്ലബ് നവ്‍ബഹോറുമാണ് ഇടംപിടിച്ചിരിക്കുന്നത്.

പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലാണ് മുംബൈ സിറ്റി ചാംപ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കുന്നത്. 11,600 പേർക്കാണ് ബാലെവാഡി സ്റ്റേഡിയത്തിൽ കളി കാണാൻ സാധിക്കുക. സെപ്റ്റംബർ 18 മുതലാണ് എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്കു തുടക്കമാകുന്നത്.

നെയ്മറോ റൊണാൾഡോയോ ആരെങ്കിലും ഒരാൾ ഇന്ത്യയിൽ വരുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇതിൽ ആരുടെ ടീം ആണ് എന്ന ചോദ്യം മാത്രം ആയിരുന്നു ബാക്കി. എന്തായാലും ഇന്ന് ഉത്തരം കിട്ടിയിരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ജേതാക്കളാണ് മുംബൈ സിറ്റി.