കോഴിക്കോട്: കക്കാടം പൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം.
ഉരുൾപൊട്ടലിനെ തുടർന്ന് 2019ലായിരുന്നു പാർക്ക് അടച്ചുപൂട്ടിയത്. പാർക്കിന്റെ നിർമാണത്തിൽ പിഴവുള്ളതായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു.
പാർക്ക് തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അൻവർ എം.എൽ.എ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കാൻ സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാർക്ക് തുറന്നുകൊടുക്കാൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.