കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ്.
താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ സി ലിജിമോൾക്ക് പകരം ആളുമാറി ആണ് സതിയമ്മ ജോലി ചെയ്തതെന്ന വിശദീകരണങ്ങൾക്കിടെയാണ് തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്ന് ലിജി മോൾ പ്രതികരിച്ചത്.
മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.
‘എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ്. എന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. എനിക്ക് പൈസ കിട്ടിയിട്ടുമില്ല, ഞാൻ പൈസ എടുക്കാൻ ഒരിടത്തും പോയിട്ടുമില്ല. നാലു വർഷം മുൻപ് ഞാൻ കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല’ – ലിജി മോള്‍ കൂട്ടിച്ചേത്തു.
അതേസമയം, ആൾമാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മയുടെ ഭാഷ്യം. ‘‘ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഞാനും ലിജിമോളും. ആറുമാസം വീതം ഊഴംവച്ചാണ് ജോലി, ആരോഗ്യപ്രശ്നങ്ങളുള്ള ലിജിമോൾ എന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു’’– സതിയമ്മ പറഞ്ഞു. 11 വർഷമായി ജോലിയിൽ തുടരുകയാണെന്നും സതിയമ്മ പറഞ്ഞു.