തൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് റെയ്ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
കഴിഞ്ഞ കുറച്ച് നാളുകളായി കേസ് ഇ.ഡി. സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പോലീസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കൾക്കപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല.
2021 ആഗസ്റ്റിലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു സഹകരണ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്.