കോട്ടയം: മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനെന്നും വി ഡി സതീശൻ പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വായടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. മുഖ്യമന്ത്രിക്ക് ജനങ്ങളെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമൊക്കെ ഭയമാണെന്ന് വി ഡി സതീശൻ പറഞ്ഞു. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരില്ല.
പൊതുമരാമത്ത് മന്ത്രി അമിത അധികാരങ്ങൾ കയ്യാളുകയാണ്. അധികാരം തലക്ക് പിടിച്ച ആളാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമവിരുദ്ധ പ്രവർത്തനം നടത്തി അത് ചോദ്യം ചെയ്യുന്നവർക്കെതിരെ പൊലീസിനെയും വിജിലൻസിനെയും വിട്ട് ഭീഷണിപ്പെടുത്തുകയാണ്. ആ രീതി ഇനി നടക്കില്ല. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.