ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്.
കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.
പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും ചിങ്ങപ്പുലരിയിൽ നല്ലൊരു വർഷം ആശംസിക്കുന്നു.
ചിങ്ങമാസം ഒന്നാം തിയ്യതി കർഷക ദിനം കൂടിയാണ്. വർഷത്തിൽ 364 ദിവസവും മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.