അമരാവതി: തിരുപ്പതിയില്‍ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.