കൊച്ചി: അർധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ വിദ്യാർത്ഥിക്ക് എസ്സി, എസ്ടി പ്രത്യേക കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതു ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ വിധി.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് പരാതിക്ക് കാരണമെന്നുമായിരുന്നു പ്രതി മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിൽ പറഞ്ഞത്. 2022 നവംബർ 18ന് കോളജിൽ വച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു. അയാൾ നൽകിയ കേക്കും വെള്ളവും കഴിച്ചതോടെ കാഴ്ച മങ്ങിയെന്നും പെൺകുട്ടി മൊഴി നൽകി.
പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

