കോട്ടയം: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55), ജോൺസന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്‌മോൾ(15) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജിസ്മോൾ നാളെ യുകെയ്ക്കു പോകാനിരിക്കുകയായിരുന്നു.