തിരുവനന്തപുരം : കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്.അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും.

രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.-മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക്‌സൈറ്റുകളിലും ലേബര്‍ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്.

നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.

ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുനീക് ഐ.ഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതിഥിതൊഴിലാളി രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *