കോഴിക്കോട്: അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. അഞ്ച് മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് പറഞ്ഞപ്പോൾ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത് എന്നാണ് പരാതി.
യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേർക്കെതിരെ ഹോട്ടൽ മാനേജ്മെന്റ് തിരുവമ്പാടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.