തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാര്‍ സമ്പൂര്‍ണമായി പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്. അത്യാഹിത വിഭാഗമടക്കം പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുഎൻഎ അറിയിച്ചു.
നഴ്സുമാരുടെ സംഘടനയായ യുഎന്‍എയില്‍ അംഗമായതിന് പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ നഴ്സുമാര്‍ പ്രതിഷേധം ആരംഭിച്ചതോടെ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നഴ്സുമാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചയ്ക്കിടെ ഗർഭിണിയായ നഴ്സിനെ എം.ഡി അലോക് ചവിട്ടിയെന്നാണ് നഴ്സുമാരുടെ ആരോപണം.
ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നിലപാട്. സംഭവത്തിൽ പ്രതിഷേധിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ ഡോക്ടറുടെ അയ്യന്തോളിലെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധമാർച്ച് നടത്തിയിരുന്നു.