മരിച്ചുപോയ ഒരാളുടെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കുമോ? ഇല്ല അല്ലേ? എന്നാൽ, മരിച്ചുപോയ തങ്ങളുടെ അച്ഛന്റെ ഹൃദയമിടിപ്പ് കേൾക്കുന്ന മൂന്ന് സഹോദരിമാരുടെ വീഡിയോയാണ് ഇപ്പോൾ ആളുകളുടെ മിഴികളെ ഈറനണിയിക്കുന്നത്. യുഎസ്സിലെ കണക്ടിക്കട്ടിൽ നിന്നുമുള്ളവരാണ് സഹോദരിമാർ. അവരുടെ പിതാവിന്റെ അവയവം ദാനം ചെയ്തതിലൂടെയാണ് സഹോദരിമാർക്ക് ഇത് സാധിച്ചത്.

Today Show ആണ് ഇൻ‌സ്റ്റ​ഗ്രാം പേജിൽ ഹൃദയസ്പർശിയായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തങ്ങളുടെ അച്ഛന്റെ ഹൃദയം സ്വീകരിച്ച ആളെ സഹോദരിമാർ കണ്ടുമുട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്. മൂന്ന് സഹോദരിമാരും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും ആ ഹൃദയമിടിപ്പ് കേൾക്കുന്നതും വീഡിയോയിൽ കാണാം. നാല് വർഷം മുമ്പ് മരിച്ച അച്ഛന്റെ ഹൃദയമിടിപ്പ് കേൾക്കുമ്പോൾ‌ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

22- കാരിയായ കിസാന്ദ്ര സാന്റിയാ​ഗോ ആണ് 2019 -ൽ അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ ഹൃദയം ദാനം ചെയ്യാം എന്ന തീരുമാനം എടുക്കുന്നത്. കിസാന്ദ്രയുടെ അച്ഛൻ എസ്തബൻ സാന്റിയാ​ഗോ 39 -ാമത്തെ വയസിൽ പെട്ടെന്ന് ഒരു അപകടത്തിൽ പെട്ട് കോമയിൽ ആവുകയായിരുന്നു. മൂത്ത മകളെന്ന നിലയിൽ ലൈഫ് സപ്പോർട്ട് സിസ്റ്റം നിർത്താനും ഹൃദയം മറ്റൊരാൾക്ക് നൽകാനും തീരുമാനം എടുക്കേണ്ടത് കിസാന്ദ്രയായിരുന്നു.

അങ്ങനെ അച്ഛന്റെ ഹൃദയം മറ്റൊരാൾക്ക് നൽകുന്നതിലൂടെ തനിക്കും സഹോദരിമാർക്കും വീണ്ടും അച്ഛന്റെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കുമല്ലോ എന്നാണ് കിസാന്ദ്ര കരുതിയത്. സംരക്ഷിച്ചു വച്ചിരിക്കുന്ന അച്ഛന്റെ ഹൃദയം ഏറ്റുവാങ്ങാൻ യോജിച്ച ഒരാളെ അവർ അന്വേഷിച്ച് കൊണ്ടിരുന്നു. എന്നാൽ, അത് ഒട്ടും എളുപ്പമായിരുന്നില്ല. ഒടുവിൽ, നാല് വർഷത്തെ അന്വേഷണത്തിന് ശേഷം അവളുടെ അച്ഛന്റെ ഹൃദയവുമായി യോജിക്കുന്ന ഒരാളെ അവൾ കണ്ടെത്തി .

പീറ്റർ ടർസർ എന്നയാളിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു അവരുടെ അച്ഛന്റെ ഹൃദയം. 2016 ൽ, ഒരു കാർ അപകടത്തിൽ പെട്ടതാണ് പീറ്റർ. പിന്നാലെ അനവധി ശസ്ത്രക്രിയകൾ, അതിനിടയിൽ ഹൃദയാഘാതങ്ങൾ. ഒരാഴ്ച മുഴുവനും കോമയിൽ. എന്നാൽ, പിന്നീട് അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയായിരുന്നു. ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്റെ സഹായം ഉപേക്ഷിക്കാനായി. ഒടുവിൽ കിസാന്ദ്രയുടെ അച്ഛന്റെ ഹൃദയം അദ്ദേഹത്തിന് യോജിക്കുമെന്ന് കണ്ടെത്തി.

ഇന്ന് ആ അതിജീവന പാതയിൽ മിടിക്കുന്നത് ഈ മൂന്ന് സഹോദരിമാരുടെ അച്ഛന്റെ ഹൃദയമാണ്. അത് ആ സഹോദരിമാർക്കും ആശ്വാസമേകുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *