തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിനു ഹോളിങ് ഉണ്ടായതിൽ പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കേസെടുക്കൽ ഹോബി ആയവരാണ് അവിടെയുള്ളതെന്ന് സതീശൻ പറഞ്ഞു.മൈക്കിന് ഹോളിങ് ഉണ്ടായതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി? മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് കേരളത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ? ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല എന്നു വിചാരിക്കാനാണ് തനിക്കിഷ്ടം.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലെ ഒരബദ്ധം കാണിക്കുമോ?മുഖ്യമന്ത്രിയുടെ ഓഫിസ് കുറേപ്പേർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. താൻ ഇതു മുമ്പും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകളാണ് പൊലീസിനെ ഭരിക്കുന്നത്. അവർക്കു കേസെടുക്കൽ ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാവാതെ വന്നപ്പോൾ മൈക്കിനും ആംപ്ലിഫയറിനും എതിരെ കേസെടുത്തിരിക്കുകയാണ്. ചിരിപ്പിച്ച് ഞങ്ങളെ ഇങ്ങനെ കൊല്ലല്ലേ എന്നാണ് അവരോടു പറയാനുള്ളത്- സതീശൻ പറഞ്ഞു.