തിരുവനന്തപുരം: മദ്യലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ് കോമ സ്റ്റേജിലായ രണ്ടുവയസുകാരി ജീവിതത്തിലേക്ക്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് കോമ സ്റ്റേജിൽ നിന്ന്പുറത്തുവന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എസ്എടി ആശുപത്രിയിലേയും മെഡിക്കൽ കോളജിലേയും ഡോക്ടർമാർ സംയുക്തമായി നടത്തിയ ചികിത്സയിലാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എസ്എടിയിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും രണ്ട് കെയർ ടേക്കർമാരെ അനുവദിക്കുകയും ചെയ്തു. തുടർന്നും പരിചരണം ഉറപ്പാക്കും. ഇനി മുതൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ മുരുകൻ, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുത്തർക്കം ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന കുഞ്ഞിനെ ഇവർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.